ലൈംഗീക പീഡന ആരോപണം; സിപിഎം നേതാവിന് സസ്പെന്‍ഷന്‍

കാസര്‍കോട്: വീട്ടമ്മയെ നിരന്തരം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന ആരോപണവിധേയനായ സി പി എം നേതാവിനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍റ് ചെയ്തു. കുമ്പള ഏരിയാകമ്മറ്റി അംഗം കാട്ടുകുക്കെ യിലെ സുധാകരനെയാണ് പാര്‍ട്ടി സസ്പെന്‍റ് ചെയ്തത്.സുധാകരനെതിരെ ഉയര്‍ന്ന ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സുധാകരന്‍ ഉള്‍പ്പെട്ട സി പി എം കുമ്പള ഏരിയ കമ്മിറ്റിയിലെ മൂന്ന് നേതാക്കന്മാരെ ചുമതലപ്പെടുത്തി. കുമ്പള ഇച്ചിലങ്കോട് എല്‍ പി സ്കൂള്‍ അധ്യാപകനാണ് സുധാകരന്‍. എന്മകജെ പഞ്ചായത്ത് മെമ്പറുമാണ്. നേരത്തെ സി പി എം കുമ്പള ഏരിയ സെക്രട്ടറിയായിരുന്നു. 1995 മുതല്‍ ജില്ലയിലെ ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നും ഇപ്പോള്‍ പീഡനത്തിന് പുറമെ ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം സുധാകരന്‍റെ വധഭീഷണി നേരിടുകയാണെന്നും പ്രസ്തുത യുവതി ഡി ജി പിക്കു പരാതി നല്‍കിയിരുന്നു. ആദ്യ ഭര്‍ത്താവിനെ സുധാകരന്‍ നിര്‍ബന്ധിച്ച് വിവാഹമോചനം നടത്തിച്ചിരുന്നുവത്രെ. പിന്നീട് വിവാഹം കഴിച്ച ഭര്‍ത്താവിനേയും കുടുംബത്തേയും സുധാകരന്‍ ഭീഷണിപ്പെടുത്തുന്നതായും യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.