കാഞ്ഞങ്ങാട് : കളിക്കുന്നതിനിടെ സ്കൂള്‍ ഗ്രൗണ്ടില്‍ വീണ വിദ്യാര്‍ത്ഥിയുടെ കൈപ്പത്തിയില്‍ പലകയോടൊപ്പം തുളഞ്ഞുകയറിയ ആണി നീക്കം ചെയ്യാന്‍ ജില്ലാ ആശുപത്രിയില്‍ ഫയര്‍ഫോഴ്സിന്‍റെ സഹായം. ഇന്നലെ ഉച്ചയോടെ ബല്ല ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടയിലാണ് വിഘ്നേഷ് എന്ന 11 വയസുള്ള വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പലകയോടൊപ്പം ആണിയും തുളഞ്ഞുകയറിയത്. ഓടുന്നതിനിടയില്‍ കാല്‍വഴുതി വീണാണ് അപകടം. വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ തറച്ച ആണി ഊരിയെടുക്കാന്‍ അധ്യാപകര്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും പലകയും ആണിയും നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവിലാണ് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും ആണിയും പലകയും നീക്കം ചെയ്തത്. സീനിയര്‍ ഫയര്‍ ആന്‍റ് റസ്ക്യു ഓഫീസര്‍ കെ.വി.പ്രകാശന്‍, റസ്ക്യൂ ഓഫീസര്‍ ലിനേഷ്, മറ്റ് ഉദ്യോഗസ്ഥരായ അജിത്ത്, മിഥുന്‍, മോഹന്‍, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയുടെ കയ്യില്‍ തുളഞ്ഞുകയറിയ ആണിയും പലകയും സാഹസീകമായി നീക്കം ചെയ്തത്.
വിദ്യാര്‍ത്ഥിയുടെ കയ്യില്‍ തുളഞ്ഞുകയറിയ ആണിയും പലകയും നീക്കം ചെയ്ത് ഫയര്‍ഫോഴ്സ്