ഗൃഹസന്ദര്‍ശനത്തിനെത്തിയ നേതാക്കള്‍ക്കെതിരെ അണികളുടെ രൂക്ഷവിമര്‍ശനം

പരപ്പ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസന്ദര്‍ശനത്തിനെത്തിയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. പരപ്പ ലോക്കലിന് കീഴില്‍ പ്രതിഭാനഗര്‍ കുപ്പമാട് തുമ്പ പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിനെത്തിയ ലോക്കല്‍ സെക്രട്ടറിക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുമെതിരെയാണ് പ്രവര്‍ത്തകര്‍ തിരിഞ്ഞത്. നേതാക്കളുടെ തന്‍പ്രമാണിത്വവും കഴിവുകേടും അഹങ്കാരവും മൂലം പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് പോവുകയാണെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ സിറ്റിംങ് വാര്‍ഡായ എട്ടാംവാര്‍ഡിലുണ്ടായ ഭീമന്‍ പരാജയം നേതാക്കള്‍ക്കെതിരെയുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധമാണ് പ്രകടമാകുന്നതെന്ന് പാര്‍ട്ടി അനുഭാവികള്‍ തന്നെ അഭിപ്രായപ്പെട്ടു. ഇരുപത്തഞ്ചില്‍ താഴെവോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാറുള്ള വാര്‍ഡില്‍ ഇത്തവണ 250 വോട്ടിന് എങ്ങനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചുവെന്ന ചോദ്യത്തിന് ഗൃഹസന്ദര്‍ശനത്തിനെത്തിയ നേതാക്കള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അപാകതയുണ്ടായതായി പ്രവര്‍ത്തകര്‍ പറയുന്നു. കരിങ്കല്‍ ക്വാറി ഖനന സമരത്തിനിടയില്‍ ആരോപണമുയര്‍ന്നയാളെ എന്തിന് സ്ഥാനാര്‍ത്ഥിയാക്കിയെന്ന ചോദ്യത്തിനും നേതാക്കള്‍ക്ക് ഉത്തരമുണ്ടായില്ല. പാര്‍ട്ടി നേതൃത്വത്തിലെ ചില നേതാക്കളുടെ തന്‍പ്രമാണിത്വത്തില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മറ്റി അംഗവും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെ ഈ പ്രദേശത്തുള്ള നിരവധി പാര്‍ട്ടി മെമ്പര്‍മാര്‍ നേരത്തെ രാജിവെച്ചിരുന്നു. നേതാക്കള്‍ നയം മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി ഇനിയും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് പോകുമെന്നും നേതാക്കളുടെ മുഖത്തുനോക്കി അണികള്‍ പറഞ്ഞു.