പടന്നക്കാട്: അബ്ദുറസാഖ് തായലക്കണ്ടിയുടെ വേര്‍പാടോടെ നാടിന് നഷ്ടമായത് ജനകീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയത്തിന്‍റെ നിറം നോക്കാതെ ഇടപെട്ട പൊതുപ്രവര്‍ത്തകനെ. നീലേശ്വരം ഗ്രാമപഞ്ചായത്ത് അംഗം കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ നാട്ടന്‍റെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ജനപ്രതിനിധിയാണ് റസാഖ്. പിന്നീട് ഭാര്യ ഹസീന കൗണ്‍സിലറായപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെടലുകള്‍ നടത്തി. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഒരുപോലെ പങ്കാളിയായ റസാഖ് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയിരുന്നു. പടന്നക്കാട് ടൗണില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനും മേല്‍പാലത്തിന് മുകളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനും നിലവിലുണ്ടായിരുന്ന റോഡുകള്‍ റീട്ടാര്‍ ചെയ്യാനും പടന്നക്കാട് ക്ലീന്‍ പദ്ധതി നടപിലാക്കാനും നമ്പ്യാര്‍ക്കല്‍ ബണ്ട് നിര്‍മ്മിക്കാനും നഗരസഭ കൗണ്‍സിലറായിരുന്ന അബ്ദുറസാഖ് തായിലക്കണ്ടി മുന്‍ നിരയില്‍ നിന്നും പ്രവര്‍ത്തിച്ചു. പടന്നക്കാടിനെ ക്ലീന്‍ സിറ്റി ആക്കുന്നതിന് വേണ്ടി മാലിന്യങ്ങള്‍ ശേഖരിച്ച് മാസാമാസം ലോറികളില്‍ സംസ്ക്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതില്‍ റസാഖ് നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടുത്തി റസാഖ് വികസനപത്രികയും പുറത്തിറക്കിയിരുന്നു. രണ്ട് തവണ മാരകമായ അര്‍ബുദ രോഗം മൂര്‍ച്ഛിച്ചിട്ടും അതിനെയൊക്കെ അതിജീവിച്ച് അബ്ദുറസാഖ് തായിലക്കണ്ടി പൊതുപ്രവര്‍ത്തനരംഗത്ത് സക്രിയമായി പ്രവര്‍ത്തിച്ചു. പിന്നീട് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്‍റ് പദവിയിലെത്തുകയും ചെയ്തു. ഇതിനിടെയാണ് വീണ്ടും രോഗം കലശലായത്. ഇതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നുംമാറിനില്‍ക്കുകയും ചെയ്തു. മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടയിലാണ് ഇന്നലെ പുലര്‍ച്ചെയോടെ റസാഖിനെ മരണം തട്ടിയെടുത്തത്. നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറി, ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അംഗം, ദുബൈ അല്‍ഹമരിയ കെഎംസിസി ജനറല്‍ സെക്രട്ടറി, നീലേശ്വരം മുസ്ലീംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, എക്സ്മെന്‍ വെല്‍ഫെയര്‍ സൊസൈറ്റി മുന്‍ ഡയറക്ടര്‍, എംഎസ്എഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തായലക്കണ്ടി കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ സാംസ്കാരിക രാഷ്ട്രീയമേഖലകളില്‍ നാല് പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഇ കെ ഹസീനയാണ് ഭാര്യ. മക്കള്‍: റംസീന (ആസ്ട്രേലിയ), ഡോക്ടര്‍ റമീസ (യു.എ. ഇ), അഡ്വ.ആയിഷ, മരുമക്കള്‍: ഷബീര്‍ (ആസ്ട്രേലിയ), ഫൈറൂസ് (യു.എ.ഇ). സഹോദരങ്ങള്‍: എഞ്ചിനീയര്‍ മുഹമ്മദ്കുഞ്ഞി, റഹ്മത്ത് (തൈക്കടപ്പുറം), പരേതരായ അബൂസാലി മാസ്റ്റര്‍, നഫീസത്ത്. തായലക്കണ്ടിയുടെ മരണവിവരം അറിഞ്ഞ് മുന്‍മന്ത്രി സി.ടി.അഹമ്മദലി എന്‍.എനെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍മാരായ വി.വി.രമേശന്‍, പി.പി.മുഹമ്മദ് റാഫി തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അബ്ദുറസാഖ് തായലക്കണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവ്