സിഗരറ്റും മൊബൈല്‍ഫോണും ഉപയോഗിച്ചു; കന്നഡ നടന്‍ ദര്‍ശനെ ബെല്ലാരി ജയിലിലേക്ക് മാറ്റി

ബാംഗ്ലൂര്‍: രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയെ ജയില്‍ മാറ്റി. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് ദര്‍ശന്‍ പുക വലിക്കുന്നതിന്‍റെയും ആരാധകനുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിന്‍റെയും ദൃശ്യം പുറത്ത് വന്നിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശനെ ജയില്‍ മാറ്റിയിരിക്കുന്നത്.

കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകല്‍ വെളിച്ചത്തില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രം രണ്ട് ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുറസ്സായ ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് കസേരകളില്‍ ഇരുന്നു പുല്‍ത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്. ദര്‍ശന്‍ വലതു കൈയില്‍ ഒരു കപ്പും മറ്റേ കൈയില്‍ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഗുണ്ടാസംഘ തലവന്‍ വില്‍സണ്‍ ഗാര്‍ഡന്‍, ദര്‍ശന്‍റെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ദര്‍ശനൊപ്പം ചിത്രത്തിലുള്ളത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖജീവിതമാണെന്ന് ആരോപണം ഉയര്‍ന്നു.

തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നതും ദര്‍ശനെ ജയില്‍ മാറ്റുന്നതും. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്‍റെ സുഹൃത്തായ നടി പവിത്ര ഗൗഡയുമുണ്ട്. ദര്‍ശന്‍റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.