അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം നാടകീയമായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായതിന്‍റെ ഞെട്ടലില്‍ നിന്ന് ഇന്ത്യ മുക്തരാവും മുമ്പെ ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ സ്കോട് ബോളണ്ട് കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചു.
ഔട്ടെന്നുറപ്പിച്ച് രാഹുല്‍ ക്രീസ് വിട്ടതോടെ ഡഗ് ഔട്ടില്‍ നിന്ന് വിരാട് കോലി ബാറ്റംഗിനായി ഗ്രൗണ്ടിലേക്കിറങ്ങി.ഓസ്ട്രേലിയ വിക്കറ്റ് ആഘോഷം തുടങ്ങുന്നതിനിടെ ബോണ്ടളിന്‍റെ പന്ത് ടി വി അമ്പയര്‍ നോ ബോള്‍ വിളിച്ചതോടെ രാഹുലിനെ ഫീല്‍ഡ് അമ്പയര്‍ തിരിച്ചുവിളിച്ചു. ഇതിനിടെ ഗ്രൗണ്ടിലേക്കിറങ്ങിയ കോലിയെ നാലാം അമ്പയര്‍ തിരിച്ചയക്കുകയും ചെയ്തു. പിന്നിട് സ്നിക്കോ മീറ്ററില്‍ രാഹുലിന്‍റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തു. ഭാഗ്യം കടാക്ഷിച്ച രാഹുലിന് വീണ്ടുമൊരിക്കല്‍ കൂടി ജീവന്‍ ലഭിച്ചു. ബോളണ്ടിന്‍റെ പന്തില്‍ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ ഉസ്മാന്‍ ഖവാജ കൈവിട്ടു. രണ്ട് തവണ ജീവന്‍ ലഭിച്ച രാഹുല്‍ പിന്നീട് നിലയുറപ്പിച്ചതോടെ ഓസ്ട്രേലിയ പതറി. എന്നാല്‍ ആദ്യ ദിനം ലഞ്ചിന് മുമ്പ് രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്സ്വീനി കൈയിലൊതുക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി.