വാഷിങ്ടണ്‍ / ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ച് യുഎസ്. ഏപ്രില്‍ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസന്‍സ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതിന് വിപരീതമായാണ് പുതിയ പ്രഖ്യാപനം. നേരത്തെ ഇറാന്, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് എണ്ണ വാങ്ങാനുള്ള ലൈസന്‍സുകള്‍ മാര്‍ച്ച് മാസം പുതുക്കില്ലെന്ന് ബെസെന്റ് പറഞ്ഞിരുന്നു.
പുതിയ ഉത്തരവ് പ്രകാരം റഷ്യയില്‍നിന്ന് എണ്ണ വാങ്ങാനുള്ള ലൈസന്‍സ് തുടരും. എന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ സാധ്യമല്ലെന്നാണ് സൂചന. ട്രഷറി വകുപ്പ് വെള്ളിയാഴ്ച രാത്രി വൈകിയാണ് ലൈസന്‍സ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം, വെള്ളിയാഴ്ച മുതല്‍ മേയ് 16 വരെ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങള്‍ക്ക് അനുമതിയുണ്ട്. ഏഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ, ഉപരോധ ഇളവുകള്‍ നീട്ടിനല്കാന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ്ഇറാന്‍ സംഘര്‍ഷം കാരണം ആഗോള എണ്ണവില ഉയര്‍ന്നത് കണക്കിലെടുത്ത് ഇളവുകള്‍ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഉപരോധ ഇളവുകള്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഉപരോധ ഇളവ് പ്രാബല്യത്തില്‍ വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇന്ത്യ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. റഷ്യന്‍ എണ്ണക്കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി യുഎസ് ഉപരോധം കാരണം ഇന്ത്യ നേരത്തെ കുറച്ചിരുന്നു.
ട്രംപ് ഭരണകൂടം റഷ്യന്‍, ഇറാനിയന്‍ എണ്ണവിപണനത്തിനുള്ള ഉപരോധം ഇളവ് ചെയ്തതിനെതിരെ വലിയ രാഷ്ട്രീയ എതിര്‍പ്പുണ്ടായിരുന്നു. 'റഷ്യന്‍ ഉപരോധഇളവ് ഒരിക്കലും നീട്ടരുത്. ട്രംപിന്റെ ഇളവ് റഷ്യയ്ക്ക് യുദ്ധത്തിനു പണം നല്കി. ഇത് ഇറാനെയും സഹായിക്കുന്നു,' യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്താല് പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഗ്രെഗറി മീക്സ്, വില്യം കീറ്റിംഗ് എന്നിവര്‍ റഷ്യന്‍ ഉപരോധ ഇളവ് അവസാനിപ്പിക്കാനുള്ള ബില്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ഇപരോധഇളവ്, ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നിയമപരമോ സാമ്പത്തികമോ ആയ പ്രശ്നങ്ങള്‍ ഇല്ലാതെ ഇറക്കുമതി തുടരാന്‍ അവസരം നല്കുന്നു. നേരത്തെ അനുവദിച്ച ഇളവിലൂടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി മൂന്നിരട്ടിയായി വര്‍ധിച്ച് 5.3 ബില്യണ്‍ യൂറോയിലെത്തി. എണ്ണവിലയിലെ വര്‍ധനവ് ഇറക്കുമതി അളവ് ഉയര്‍ത്തി. യൂറോപ്യന്‍ തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ടില്‍, ഫെബ്രുവരിയില്‍ എണ്ണവാങ്ങല്‍ കുറഞ്ഞതിന് ശേഷം മാര്‍ച്ച് മാസത്തില്‍ ഇന്ത്യ വീണ്ടും എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചതായി പറയുന്നു.
2026 മാര്‍ച്ചില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവ് ഇന്ത്യയായിരുന്നു, മൊത്തം 5.8 ബില്യണ്‍ യൂറോയുടെ റഷ്യന്‍ ഹൈഡ്രോകാര്‍ബണ്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ക്രൂഡ് ഓയില്‍ ഉത്പന്നങ്ങള്‍ ഇന്ത്യയുടെ വാങ്ങലുകളില്‍ 91 ശതമാനം വരും. ഫെബ്രുവരിയില്‍, ഇന്ത്യ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യമായിരുന്നു. 1.8 ബില്യണ്‍ യൂറോയുടെ റഷ്യന്‍ ഹൈഡ്രോകാര്‍ബണ്‍ വാങ്ങിച്ചു. ക്രൂഡ് ഓയില്‍81 ശതമാനം (1.4 ബില്യണ്‍ യൂറോ), കല്‍ക്കരി (223 മില്യണ്‍ യൂറോ), എണ്ണ ഉത്പന്നങ്ങള്‍ (121 മില്യണ്‍ യൂറോ) എന്നിങ്ങനെയാണ് കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി 4 ശതമാനം കുറഞ്ഞപ്പോള്‍, റഷ്യന്‍ ഇറക്കുമതി ഇരട്ടിയായി, ഇഞഋഅ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കപ്പലുകളില്‍ ഇതിനകം ഉണ്ടായിരുന്നതും മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പലുകളിലെ ഷിപ്മെന്റുകളും ഉള്‍ക്കൊള്ളുന്ന റഷ്യന്‍ എണ്ണയുടെ ഒരു മാസത്തെ ഉപരോധഇളവ് യുഎസ് അനുവദിച്ചതിന് ശേഷമാണ് ഈ വര്‍ധന.