ഹമീദ് കൂളിയങ്കാല്‍
ബഹ്റൈന്‍: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് റിയാദ് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാ, കാര്‍ഗോ സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് മലയാളി പ്രവാസികള്‍ കടുത്ത അനിശ്ചിതത്വത്തിലും ദുരിതത്തിലുമായി. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നാട്ടിലേക്ക് മടങ്ങാനിരുന്നവരും അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരികെ എത്തേണ്ടവരുമായ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍, വീസാ കാലാവധി അവസാനിക്കാറായവര്‍, തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലുള്ളവര്‍ എന്നിവരെയെല്ലാം വിമാന സര്‍വീസുകളുടെ അനിശ്ചിതത്വം ഒരുപോലെ ബാധിച്ചിട്ടുണ്ട്. യാത്രാ തടസ്സങ്ങള്‍ക്കൊപ്പം കാര്‍ഗോ സര്‍വീസുകള്‍ മുടങ്ങിയത് മൂലം മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയാത്തത് വലിയ മാനുഷിക പ്രതിസന്ധിക്കാണ് വഴിവെച്ചിരിക്കുന്നത്. റിയാദില്‍ നിന്ന് ആവശ്യത്തിന് കാര്‍ഗോ സൗകര്യം ലഭിക്കാത്തതിനാല്‍ ദിവസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നു. ദമ്മാമിലും സമാനമായ സ്ഥിതിയാണുള്ളത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് റോഡ് മാര്‍ഗം എത്തിച്ച് നാട്ടിലേക്ക് അയക്കേണ്ടിവരുന്നത് കുടുംബങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും വലിയ പ്രയാസമുണ്ടാക്കുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ ബഹ്റൈന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി നാട്ടിലേക്ക് കടക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പ്രായമായവര്‍ക്കും രോഗികള്‍ക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റിയാദിലെ ഇന്ത്യന്‍ എംബസിയും സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും അടിയന്തര ചര്‍ച്ചകള്‍ നടത്തണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ പ്രത്യേക ബദല്‍ കാര്‍ഗോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, സൗദിയുടെ തിരുവനന്തപുരം സര്‍വീസുകള്‍ പുനരാരംഭിക്കുകയും തിരുവനന്തപുരം വിമാനത്താവളത്തിന് 'പോയിന്‍റ് ഓഫ് കോള്‍' അനുമതി ലഭ്യമാക്കുകയും ചെയ്യുക, ദമ്മാം ഉള്‍പ്പെടെയുള്ള സൗദി നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫോറം മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വിഷയം ഗൗരവമായി എടുത്ത് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നാണ് പ്രവാസി സമൂഹത്തിന്‍റെ ആവശ്യം.