ടെഹ്റാന്: ഇറാനുനേര്‍ക്ക് ആക്രമണം നടത്തി അമേരിക്ക. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്കിന് സമീപം സ്ഥിതിചെയ്യുന്ന ഖേഷം ദ്വീപിന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഇറാനില്‍ പലയിടങ്ങളില്‍നിന്നും സ്ഫോടനശബ്ദങ്ങള് കേട്ടതായി ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഖേഷം ദ്വീപില്‍നിന്ന് തുടരെത്തുടരെ അഞ്ച് സ്ഫോടനശബ്ദം കേട്ടുവെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിന് മുകളില്‍ രണ്ട് വിമാനങ്ങള്‍ പറക്കുന്നതായി കണ്ടെന്ന് അവിടുത്തെ താമസക്കാര്‍ പറഞ്ഞു. ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. അതിനിടെയാണ് ആക്രമണം. മാത്രമല്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മണിക്കൂറുകള്‍ അവശേഷിക്കേയാണ് സൈനികനടപടിയെന്നതും ശ്രദ്ധേയമാണ്.
ഇക്കൊല്ലം ഫെബ്രുവരി അവസാനത്തോടെയാണ് ഇറാന് നേരെ യുഎസും ഇസ്രയേലും സംയുക്തമായി സൈനികനടപടി ആരംഭിച്ചത്. ഈയടുത്ത ആഴ്ചകളില്‍ ഇറാന് നേര്‍ക്ക് യുഎസ് രഹസ്യമായി നടത്തുന്ന നിയന്ത്രിത ആക്രമണങ്ങളില്‍ ഒടുവിലത്തേതാണ് ഇതെന്നാണ് സൂചന. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ച് എംക്യു9 ഡ്രോണ്‍ ഉള്‍പ്പെടെ മൂന്ന് യുഎസ് ഡ്രോണുകള്‍ വെടിവെച്ചുവീഴ്ത്തിയെന്ന് ഐആര്‍ജിസി കഴിഞ്ഞദിവസം അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ പലയിടത്തും സ്ഫോടനം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനഭാഗത്തായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ദ്വീപാണ് ഖേഷം. ഭൂഗര്‍ഭ മിസൈല്‍ സംവിധാനങ്ങള്‍, നാവിക താവളം, വലിയ കടല്‍ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ ഇവിടെയുണ്ട്. മുന്‍പും ഇറാനുമായുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമായി അമേരിക്ക ഈ ദ്വീപില്‍ ആക്രമണം നടത്തിയിരുന്നു. ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു