ദുബായ്: സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയവും സൈനിക വിമാനങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികളുടെ കനത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണം. നജ്റാന് വിമാനത്താവളം, ഖമീഷ് മുഷൈത്തിലെ കിങ് ഖാലിദ് വ്യോമത്താവളം, കിഴക്കന്‍ മേഖലയിലെ റിഫൈനറിയായ റാസ് തനൂറ എന്നിവിടങ്ങളാണ് ബോംബിട്ടത്. ഇതിനിടെ, ചെങ്കടലിലെ ബാബുല്‍ മന്ദിബ് കടലിടുക്കില്‍ സൗദി സേനയ്ക്കു നേരേ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഹൂതികള്‍ പറഞ്ഞു. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട 2 മിസൈലുകള്‍ സൗദി വെടിവച്ചിട്ടു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് റിയാദില്‍ കെട്ടിടത്തിനും വാഹനത്തിനും കേടുപാടുകളുണ്ട്. റാസ് തനൂറ റിഫൈനറിയില്‍ ആക്രമണത്തെത്തുടര്‍ന്നു വലിയ തീപിടിത്തമുണ്ടാതായും റിപ്പോര്‍ട്ടുണ്ട്. ഹൂതികളുടെ വിഷയത്തില്‍ മക്ക സഖ്യത്തിലെ തുര്‍ക്കി, സൗദി, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കഴിഞ്ഞദിവസം ടെഹ്റാനില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ ഇറാന് സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹ്സിന് റീസാ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തി
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് വച്ച ബോംബ് പൊട്ടി എണ്ണ ടാങ്കറിനു തീപിടിച്ചു. വിലക്കു ലംഘിച്ച കപ്പലാണു ബോംബുകെണിയില് വീണതെന്ന് ഇറാന് നാവികസേന അറിയിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഹോര്‍മുസ് നിരുപാധികം തുറക്കാന്‍ ഇറാന് സന്നദ്ധമാകണമെന്നു സമാധാനചര്‍ച്ചകള്‍ക്കു മധ്യസ്ഥരായ ഖത്തര്‍ ആവശ്യപ്പെട്ടു. ഹോര്‍മുസ് അടഞ്ഞു കിടക്കുന്നതാണ് ചര്‍ച്ചകള്‍ക്കു തടസ്സമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.ഇതിനിടെ, ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, ഖത്തര്‍ ഭരണാധികാരി തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി.