ഉംറ തീര്‍ഥാടകരുടെ യാത്രക്കും ഭീഷണിയായി ഹൂതി ആക്രമണം

റിയാദ്: സൗദിക്കെതിരെയുള്ള ഹൂതികളുടെ ആക്രമണം പുതിയതും അപകടകരവുമായ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത് ഏറെ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഈ ആഴ്ച്ചയിലുണ്ടായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താ രാഷ്ട്രവിമാനത്താവളം വഴി എത്തുന്ന തീര്‍ഥാടകര്‍ക്കും ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.

വിമാനത്തില്‍ കയറാന്‍ തയാറെടുക്കുന്ന ഉംറ തീര്‍ഥാടകര്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ ഒരു ആക്രമണം ഉണ്ടായത്. അപകടത്തിന് ശേഷം പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉംറ തീര്‍ഥാടകര്‍ അകപ്പെട്ട ദുരന്തം വ്യക്തമായിരുന്നു. ഉംറ നിര്‍വഹിക്കാനും വിശുദ്ധ പള്ളികള്‍ സന്ദര്‍ശിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരപരാധികളായ യാത്രക്കാര്‍ നേരിടുന്ന അപകടത്തെ ഇത് എടുത്തുകാണിക്കുന്നു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകള്‍ക്ക് സൗദിയിലെ വിമാനത്താവളങ്ങള്‍ കേവലം ഗതാഗത കേന്ദ്രങ്ങള്‍ മാത്രമല്ല. അവ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രഥമ കവാടങ്ങള്‍ കൂടിയാണ്. ആത്മീയ സംതൃപ്തി തേടി രാജ്യത്തേക്ക് എത്തുന്ന തീര്‍ഥാടകരെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ കൂടിയുള്ള ഇടങ്ങളാണ് വിമാനത്താവളങ്ങള്‍. അതുകൊണ്ട് തന്നെ ഈ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വിമാന ഗതാഗതം തടസ്സപ്പെടുത്തുന്നതിനപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.