അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ തകര്‍ത്ത് ഇറാന്‍; നാശനഷ്ടം സംഭവിച്ചത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്

ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ കൃത്യതയാര്‍ന്ന മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ യുദ്ധതന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ 135ലധികം ആക്രമണങ്ങളാണ് ഇറാന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും റോയിട്ടേഴ്സ് അന്വേഷണത്തില്‍ കണ്ടെത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി നിലയങ്ങള്‍, ആണവനിലയം, ശുദ്ധജല പ്ലാന്‍റുകള്‍ എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്വെസ്റ്റ് പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷനുകള്‍ തകര്‍ത്തതോടെ ചെങ്കടല്‍ വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയും ചെയ്തു.

തങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളും പുറത്തുവിട്ടില്ലെന്നും പകരം ഇത് മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ വീണുണ്ടായ നാശനഷ്ടമെന്ന് വിശദീകരിച്ചുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ആക്രമണങ്ങളായിരുന്നു ഇവയെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎഇയിലെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഫുജൈറ തുറമുഖത്തിന് നേരെ 19 തവണ ആക്രമണമുണ്ടായി. കൂടാതെ അല്‍ തവീല അലുമിനിയം സ്മെല്‍റ്റര്‍, ബറാക്ക ആണവനിലയം, വിവിധ ഡാറ്റാ സെന്‍ററുകള്‍ക്കും ആക്രമണത്തില്‍ കേടുപാടുണ്ടായി. ഇറാന്‍റെ കൃത്യതയാര്‍ന്ന ഈ ആക്രമണം അമേരിക്കയുടെ സൈനിക നീക്കങ്ങളെയും വ്യോമസുരക്ഷാ നീക്കങ്ങളെയും പ്രതിസന്ധിയിലാക്കിയെന്നും വിദഗ്ദ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.