ബാംഗ്ലൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസ്സുകാരി ഉള്‍പ്പെടെ നാല് തീര്‍ഥാടകര്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. കൊപ്പല്‍ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(ആറ്), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ഏഴ് തീര്‍ഥാടകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശബരിമല തീര്‍ഥാടകരുമായി പോയ ക്രൂയിസര്‍ വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് ദുരന്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറില്‍ 11 തീര്‍ഥാടകര്‍ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി അഞ്ചിനാണ് ഇവര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഗ്രാമങ്ങളില്‍ നിന്നുള്ള ഭക്തരാണ് തീര്‍ഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദര്‍ശിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. കോറ പോലീസ് കേസെടുത്തു.
നിര്‍ത്തിയിട്ട വാനില്‍ ലോറിയിടിച്ച് പെണ്‍കുട്ടി ഉള്‍പ്പെടെ നാല് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു