ഫിലിപ്പൈന്‍സില്‍ മോദി-ട്രംപ് കൂടിക്കാഴ്ചക്ക് സാധ്യത

മനില: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ (ആസിയാന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫിലിപ്പൈന്‍സില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ കണ്ടേക്കും. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്. ട്രംപ് മനിലയില്‍ എത്തുന്നുണ്ടെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി അടുത്ത ആഴ്ചയാണ് മനിലയിലേക്ക് പോകുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലം ശുഭാപ്തി വിശ്വാസം നല്‍കുന്നതാണെന്നാണ് ഉന്നത വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വിസ, താരിഫ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ നിലപാടിന് അംഗീകാരം നേടാന്‍ സഹായിച്ചേക്കുമെന്നും വ്യാപാര കരാറിലെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കാന്‍ ആകുമെന്നും പ്രതീക്ഷിക്കുന്നതായും വിലയിരുത്തുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ട്രംപിന്‍റെ അടുത്ത നീക്കം എന്ത് എന്നത് പ്രധാനമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ ഇന്ത്യയ്ക്കകത്തെ വിഷയങ്ങളില്‍ നിലപാട് കടിപ്പിച്ചേക്കാമെന്നും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ട്രംപിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിക്കും ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഭരണപരമായ ആഭ്യന്തര വിഷയങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ നഷ്ടപ്പെടുന്നതോടെ, ട്രംപിന്‍റെ മുന്‍ഗണനകള്‍ വിദേശ വ്യാപാര കരാറുകളിലേക്ക് മാറിയേക്കാം. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം, അമേരിക്കന്‍ കാര്‍ഷികവ്യവസായ മേഖലകള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്ന തരം കരാറുകള്‍ വേഗത്തില്‍ ഒപ്പുവെക്കാന്‍ ട്രംപ് എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഉപയോഗിച്ചേക്കാം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കണമെന്ന് യുഎസ് ആവശ്യപ്പെടുമ്പോഴും സ്വന്തം സാമ്പത്തിക സുരക്ഷയും കര്‍ഷകരുടെയും പ്രാദേശിക വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള തികച്ചും പരസ്പരപൂരകമായ കരാറിനാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്.