തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍. ഐശ്വര്യയാണ് അറസ്റ്റിലായത്. അഭിരാമിന്റെ കൊലപാതകത്തെ കുറിച്ച് ഐശ്വര്യക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാനും ഐശ്വര്യ കൂട്ടുനിന്നതായും കണ്ടെത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ, ഉമര്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഐശ്വര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരിട്ട് പങ്കുള്ള കാപ്പ കേസ് പ്രതിയായ ഉമര്‍ കൃത്യത്തിന് മുന്‍പും ശേഷവും വിവരങ്ങള്‍ ഇവരോട് പങ്കുവച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അഭിറാമിന്റെ കൊലപാതകത്തിന് 22കാരിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അഭിറാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താന്‍ ഇവര്‍ സഹായിച്ചതായും വിവരമുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ 17കാരന്റെ കൊലപാതകക്കേസില്‍ പിടിയിലായവരുടെ എണ്ണം നാലാകും.
സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമര്മുഫ്താര്, ആനന്ദ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ 17കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം ചൊവ്വാഴ്ച വൈകിട്ട് തന്നെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരുന്നു. പ്രതികളുമായെത്തി ഇതിനകം തെളിവെടുപ്പ് നടത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍,സാഹചര്യത്തെളിവുകള്‍ എന്നിവ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഇന്നലെയും പൊലീസ് പരിശോധന നടത്തി. അതിനിടെ അഭിറാം കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഫോണ്‍വിളികള്‍, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് ചാറ്റുകള്‍ തുടങ്ങിയവ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നിരവധി ചാറ്റുകള്‍ അപ്രത്യക്ഷമായതായി സൈബര്‍ സെല്‍ കണ്ടെത്തി. ചാറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന് പരിശോധിച്ച് വരികയാണ്.