കോണ്‍വെന്‍റ് കവലയില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല; ഇന്‍റര്‍ലോക്ക് പാകിയിട്ടും ഫലമില്ല

നീലേശ്വരം: മഴയൊന്ന് പെയ്തതോടെ നീലേശ്വരം കോണ്‍വെന്‍റ് കവല വീണ്ടും വെള്ളക്കെട്ടിലായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തി ബി.എം.സി.ക്കും ഇന്‍റര്‍ലോക്ക് കട്ടകള്‍ക്കും സൗകര്യമൊരുക്കിയെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ല. ഇന്‍റര്‍ലോക്ക് പാകിയ ഭാഗം അവസാനിക്കുന്ന കോണ്‍വെന്‍റ് ഗേറ്റിന് മുന്‍വശത്താണ് ഇപ്പോള്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. മഴ ശക്തമാകുന്നതോടെ ഇവിടെ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. റോഡിന്‍റെ താഴ്ന്ന ഭാഗം പൂര്‍ണമായും ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകി ഉയര്‍ത്തിയിരുന്നെങ്കില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ ഭാഗത്ത് പണി പാതിവഴിയില്‍ അവസാനിപ്പിച്ചതാണ് വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായതെന്നാണ് ആക്ഷേപം.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇന്‍റര്‍ലോക്ക് സംവിധാനം തന്നെയാണ് ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമെന്നിരിക്കെ, ഇതിനായി മൂന്ന് ദിവസത്തോളം രാത്രികാലങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിട്ടാണ് പ്രവൃത്തി നടത്തിയത്. ഇത്രയും ക്രമീകരണങ്ങളും സമയവും ചെലവഴിച്ചിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തത് നിര്‍വഹണത്തിലെ വീഴ്ചയാണെന്നാണ് ഉയരുന്ന വിമര്‍ശനം. അശാസ്ത്രീയമായ രീതിയില്‍ പണി പൂര്‍ത്തിയാക്കിയതാണോ വെള്ളക്കെട്ടിന് കാരണമായതെന്ന് പരിശോധിക്കണമെന്നും താഴ്ന്ന ഭാഗം ഉള്‍പ്പെടെ ആവശ്യമായ സ്ഥലങ്ങളില്‍ ഇന്‍റര്‍ലോക്ക് പാകി വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.