കണ്ണൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി കഴുത്തറുത്ത് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണാണ് (43) മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 13 ന് രാത്രി മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ച് ഭാര്യ ലിഷയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍റില്‍ കഴിയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം അന്ന് ജില്‍സണ്‍ മരത്തില്‍ കെട്ടിതൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കൈത്തണ്ട മുറിച്ച് വിഷം കഴിക്കുകയും മരം വെട്ടുന്ന യന്ത്രം കൊണ്ട് കൂടുതല്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം രക്ഷപ്പെടുകയായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭാര്യയെ കൊന്ന് ജീവനൊടുക്കുന്നതായി ജില്‍സണ്‍ കൂട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ജയിലില്‍ ഇതിന് മുമ്പും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നു. ഇന്നലെ രാത്രി പുതപ്പുമൂടിയാണ് കഴുത്തില്‍ കത്തികൊണ്ട് പരിക്കേല്‍പ്പിച്ചത്. രക്തം ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു ജില്‍സണ്‍.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴുത്തറുത്ത് മരിച്ചു